ചങ്ങനാശേരി: ബൈപാസ് റോഡില്‍ ളായിക്കാട് ജംഗ്ഷന് മുതല്‍ എസ്എച്ച് ജംഗ്ഷന് വരെ സഞ്ചരിച്ചാല്‍ മൂക്കത്ത് കൈ വയ്ക്കണം. ബൈപാസ് റോഡിന്റെ ഒന്നര കിലോമീറ്റര്‍ ദൂരത്താണ് ഇരുവശങ്ങളിലും കക്കൂസ് മാലിന്യം വ്യാപകമായി ഒഴുക്കുന്നത്.
സംഭവത്തില്‍ ഒരു കൗതുകമുണ്ട്. നഗരസഭ ഒരുലക്ഷത്തോളം രൂപമുടക്കി വൈദ്യുതി പോസ്റ്റില്‍ സ്ഥാപിച്ചിരിക്കുന്ന പോര്‍ട്ടബിള്‍ സിസിടിവി കാമറയ്ക്ക് ചുവട്ടിലാണ് മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുന്നത്.
ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും തരിശുകിടക്കുന്ന പാടശേഖരമാണ്. ഇതിന്റെ ഒരുഭാഗം നഗരസഭാ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി വാങ്ങിയ ചതുപ്പ് നിലവുമുണ്ട്. ആള്‍പ്പാര്‍പ്പില്ലാതെ അതിവിശാലമായി കിടക്കുന്ന ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് യാതൊരു പ്രതിബന്ധങ്ങളുമുണ്ടാകാറില്ല. ഒരാഴ്ചയില്‍ അരഡസനോളം ലോറികള്‍ ഇവിടെ മാലിന്യം തള്ളി മടങ്ങുന്നതായാണ് സൂചനകള്‍.
പാടശേഖരത്തെ വെള്ളത്തിലൂടെ കോളിഫോം ബാക്ടീരിയ കിണറുകളിലെ വെള്ളത്തില്‍ എത്തിയാല്‍ സാംക്രമിക രോഗങ്ങള്‍ വ്യാപിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്.
കക്കൂസ് മാലിന്യം എത്തിക്കുന്നത് വ്യാജനമ്പറുള്ള വാഹനങ്ങളില്‍
നഗരസഭയുടെ ആരോഗ്യവിഭാഗം സ്ക്വാഡും ചങ്ങനാശേരി പോലീസും ബൈപാസ് റോഡില്‍ നൈറ്റ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്താനാകുന്നില്ല.
വാഹനങ്ങള്‍ കാമറക്കണ്ണുകളില്പ്പെടാറുണ്ടെങ്കിലും ഈ വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പറുകള്‍ വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. മാലിന്യ വാഹനത്തിന്റെ പൈലറ്റായി വരുന്ന വാഹനങ്ങള്‍ റോഡില്‍ ആരോഗ്യവിഭാഗം സ്ക്വാഡും പോലീസും ഇല്ലെന്ന് ഉറപപ്പുവരുത്തി അറിയിപ്പു കൊടുക്കുമ്പോഴാണ് മാലിന്യവുമായി എത്തുന്ന വാഹനം ബൈപാസില്‍ പ്രവേശിച്ച് കക്കൂസ് മാലിന്യം തള്ളിയശേഷം മടങ്ങുന്നത്.
ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാന്നാര്‍ ഭാഗങ്ങളില്‍നിന്നുമുള്ള സംഘങ്ങളാണ് കക്കൂസ് മാലിന്യം ശേഖരിച്ച് തിരുവല്ലയിലെത്തി എംസി റോഡിലൂടെയും ആലപ്പുഴ റോഡിലൂടെ പെരുന്നയില്‍ തിരിഞ്ഞും ളായിക്കാട് ജംഗ്ഷനിലൂടെ ബൈപാസില്‍ പ്രവേശിക്കുന്നത്. ചങ്ങനാശേരി ബൈപാസിന്റെ പാലാത്ര ഭാഗത്തും ചങ്ങനാശേരി -ആലപ്പുഴ റോഡിലെ എസി കനാലിലും കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. ചങ്ങനാശേരി നഗരസഭയുടെ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്നകുമാരി ടീച്ചറും അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് പാലാത്രയുമാണ് വിഷയം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ചത്.
ഉറക്കമിളയ്ക്കണം, നഗരസഭയും ജനമൈത്രിപോലീസും
മനസുവച്ചാല്‍ തള്ളുകാരെ തൂക്കിയെടുക്കാം. ചങ്ങനാശേരി ബൈപാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. വാഹനങ്ങള്‍ പിടിച്ചെടുക്കണം. ഇതിന് പരസ്പരം പഴിപറഞ്ഞും കഴിവുകേടു പറഞ്ഞും കൈമലര്‍ത്തുകയല്ല വേണ്ടത്. നഗരസഭയും ജനമൈത്രിപോലീസും ഒറ്റക്കെട്ടായി നില്‍ക്കണം.
മാലിന്യം തള്ളുന്നതിന്റെ പേരില്‍ പിടികൂടുന്നവരെ രക്ഷപ്പെടുത്താന്‍ ശിപാർശയുമായി വരുന്നവരുടെ പേരുകൂടി ജനമധ്യത്തില്‍ വെളിപ്പെടുത്തണം. ഇക്കാര്യത്തിന് കൗണ്‍സിലര്‍മാരും വിവിധ റസിഡന്റ്സ് അസോസിയേഷനും കൈകോര്‍ക്കുകതന്നെ വേണം. കക്കൂസ് മാലിന്യത്തില്‍നിന്നും സാംക്രമിക രോഗങ്ങള്‍ പകരാന്‍ ഇടയുള്ളതിനാല്‍ മാലിന്യംതള്ളല്‍ ഗൗരവമുള്ള വിഷയമായി അധികാരകേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നടപടി വേണം
ചങ്ങാശരി ബൈപാസിന്റെ ളായിക്കാട് ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നത് തടയണം. ഈ സാമൂഹ്യ രോഗികളെ പിടികൂടണം. ഇതിന് നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡും പോലീസും രാത്രികാല പട്രോളിംഗ് കര്‍ശനമാക്കണം.
പ്രസന്നകുമാരി ടീച്ചര്‍
നഗരസഭ 19-ാം വാര്‍ഡ്
കൗണ്‍സിലര്‍